ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ ഉമസ്ഥതതയിലുള്ള ഗ്യാസ് കിണറിലുണ്ടായ തീ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമനസേന അണച്ചു. ഇപ്പോള്‍ പുറത്തേക്കൊഴുകുന്ന വാതകത്തില്‍ മാത്രമാണ് തീപടര്‍ന്നിട്ടുള്ളത്. ബാഗ്ജാനിലെ കിണറിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഇപ്പോള്‍ തീപടരുന്നില്ലെങ്കിലും 1.5 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം റെഡ് സോണായി കമ്പനി പ്രഖ്യാപിച്ചുവെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ജയന്ത് ബോര്‍മുഡോയ് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ കുറിച്ച് പഠിക്കാനും തീ നിയന്ത്രണവിധേയമാക്കാനും അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും മൂന്ന് വിദഗ്ധര്‍ രണ്ട് ദിവസത്തിനകം അസമിലെത്തും . സിംഗപ്പൂര്‍ കമ്പനിയായ അലേര്‍ട്ട് ഡിസാസ്റ്റര്‍ കണ്‍ട്രോളിലെ മൂന്ന് വിദഗ്ധര്‍ ഇപ്പോള്‍ ചോര്‍ച്ച തടയുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. 4500 ചതുരശ്ര അടിക്ക് മുകളില്‍ അനിയന്ത്രിതമായി ഗ്യാസ് ഒഴുകുന്നുണ്ടെന്നും ചോര്‍ച്ച നിയന്ത്രിക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണെന്നും ജയന്ത് ബോര്‍മുഡോയ് പറഞ്ഞു. അമിതമായ ചൂട് കാരണം അമ്പത് മീറ്ററിന് ശേഷം കിണറിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും ഇപ്പോള്‍ എല്ലാവരും വെള്ളം തളിച്ച് ചുറ്റുപാടും തണുപ്പിച്ച് കിണറിനടുത്തേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയ തീപിടുത്തമായതിനാല്‍ പ്രദേശത്ത് ശുദ്ധവായു ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇതോടെ ചെറിയ പ്രാദേശിക ഭൂചലനങ്ങളും ഈ പ്രദേശത്ത് ഉണ്ടായി. തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമനസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തീപിടിത്തം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അഗ്നിശമനസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.
ബാഗ്ജാനിലെ ഗ്യാസ് കിണറിന് സമീപ പ്രദേശങ്ങളിൽ നിന്ന് 7,000 ത്തോളം പേരെ 12 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി കമ്പനിയും ടിൻസുകിയ ജില്ലാ അധികൃതരും അറിയിച്ചു. അശ്രദ്ധമായി ജോലി ചെയ്തതിന് ഓയില്‍ ഇന്ത്യ കമ്പനി രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. ബാഗ്ജാന്‍ ഗ്യാസ് കിണറില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തം പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഗുവാഹത്തി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.