ധീരതയുടെയും സാഭിമാനത്തിന്‍റെയും പ്രതീകമായി രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തിയ ധീര പുത്രന്‍ വൈമാനികന്‍ അഭിനന്ദ് വര്‍ധമാന്‍റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്. ശത്രുസേനയുടെ വിമാനം(എഫ് 16) തുരത്തുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21) തകര്‍ന്ന് പാക് സേനയുടെ കൈയില്‍ അകപ്പെട്ട വൈമാനികന്‍ അറുപത് മണിക്കൂര്‍ പാകിസ്ഥാനില്‍ കഴിഞ്ഞ ശേഷം വെളളിയാഴ്ചയാണ് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തിയത്.
"@അഭിനന്ദന്‍_വീ" എന്ന പേരില്‍ കഴിഞ്ഞ മാസം ക്രിയേറ്റ് ചെയ്ത വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഏകദേശം 2,000 പേര്‍ പിന്തുടരുന്നുണ്ട്. ഈ അക്കൗണ്ടില്‍ നിന്ന് തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. അതേസമയം അക്കൗണ്ട് അഭിനന്ദ് വര്‍ധമാന്‍റെയല്ലെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച നിര്‍മലാ സീതാരാമന്‍ അഭിനന്ദനെ സന്ദര്‍ശിച്ച ചിത്രവും വ്യാജ അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു.
പാകിസ്ഥാന്‍ സൈന്യത്തിന്‍റെ തടവില്‍ കഴിഞ്ഞ തന്നോട് അവര്‍ വളരെ മികച്ചരീതിയില്‍ ഇടപഴകിയിരുന്നെന്ന് പറയുന്ന അഭിനന്ദന്‍റെ വീഡിയോ അദ്ദേഹത്തിനെ കൈമാറിയ ശേഷം പാക് അധികൃതര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഡിബ്രീഫിങ്ങിനിടെ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായതായി അഭിനന്ദന്‍, വ്യോമസേനാ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്.