ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനം ഫലപ്രദമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധന്‍. ശനിയാഴ്ച മാത്രം 86,000 കൊവിഡ് 19 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. നിലവില്‍ രാജ്യത്ത് പ്രതിദിനം 95,000 ടെസ്റ്റുകൾ നടത്താന്‍ സൗകര്യമുണ്ടെന്നും ഹർഷവർദ്ധന്‍ പറഞ്ഞു. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെ. വൈറസ് ബാധയെ തുടർന്ന് 30 ശതമാനം പേർ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 472 കൊവിഡ് 19 പരിശോധനാ കേന്ദങ്ങളുണ്ട്. ആദ്യ ഘടത്തില്‍ ഒരു പരിശോധനാ കേന്ദ്രം മാത്രമെ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ശനിയാഴ്‌ച വരെ 16,09,777 കൊവിഡ് 19 ടെസ്റ്റുകൾ നടത്തി. ഡല്‍ഹി ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ സഹായിക്കാന്‍ കേന്ദ്ര സംഘങ്ങളെ അയച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി ഉയർന്നു. ഇതേവരെ 62,939 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 128 പേർ വൈറസ് ബാധിച്ച് മരിച്ചപ്പോൾ 3,277 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.