ന്യൂഡൽഹി: ഫേസ്ബുക്ക് ന്യൂസ് അടുത്ത ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വാർത്താ പ്രസാധകർക്ക് വാർത്തകൾ ഉറപ്പു വരുത്തുന്നതിനായി പണം നൽകുമെന്നും ഫേസ്‌ബുക്ക് അറിയിച്ചു. കഴിഞ്ഞ വർഷമാണ് യുഎസിൽ ഫേസ്‌ബുക്ക് ന്യൂസ് ആരംഭിച്ചത്. അടുത്ത ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ യുകെ, ജർമനി, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലും കമ്പനി ഈ പദ്ധതി ആരംഭിക്കാനിരിക്കുകയാണ്.
ഓരോ രാജ്യത്തിന്‍റെയും വാർത്താ രീതികളും ഉപഭോക്തൃ ശീലങ്ങളും വ്യത്യസ്‌തമാണെന്ന് ഫേസ്ബുക്കിന്‍റെ ഗ്ലോബൽ ന്യൂസ് പാർട്‌ണർഷിപ്പുകളുടെ വിപി ക്യാമ്പ്ബെൽ ബ്രൗൺ പറഞ്ഞു. ഓരോ രാജ്യത്തിലെയും വാർത്താ പങ്കാളികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കും. പ്രസാധകരുടെ ബിസിനസ് മോഡലുകൾക്ക് അനുസൃതമായാണ് പ്രവർത്തിക്കാൻ ശ്രമിക്കുക. അന്താരാഷ്ട്ര തലത്തിൽ ഫേസ്‌ബുക്ക് ന്യൂസിനെ വിപുലീകരിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കുകയാണെന്നും ബ്രൗൺ വ്യക്തമാക്കി.