ലഖ്‌നൗ: ഉത്തർപ്രദേശിന്‍റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ എക്‌സ്‌പ്രസ് ഹൈവേകൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂർവഞ്ചൽ, ഗംഗ, ഗോരഖ്‌പൂർ ലിങ്ക്, ബുന്ദേൽഖണ്ഡ് എന്നിവയുൾപ്പെടെയുള്ള ഹൈവേകൾ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ നാഴികക്കല്ലുകളാകുമെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് ഭരണകൂടം സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്‌പൂർ ലിങ്ക് എക്‌സ്‌പ്രസ് ഹൈവേക്കായി പഞ്ചാബ് നാഷണൽ ബാങ്ക് 750 കോടിയുടെ വായ്‌പാ ചെക്ക് സർക്കാരിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
ലോകം നിക്ഷേപങ്ങളുടെ കാര്യത്തിൽ മത്സരിക്കുകയാണ്, ഈ മത്സരത്തിൽ സുരക്ഷക്ക് പ്രാധാന്യമുണ്ട്. പൂർവഞ്ചൽ എക്‌സ്‌പ്രസ് ഹൈവേയുടെ കാര്യത്തിൽ പിഎൻബി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് ഇത് ഗോരഖ്‌പൂർ ലിങ്ക് ഹൈവേയുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസം, വ്യാപാരം, തൊഴിൽ എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഗോരഖ്‌പൂർ. ഗോരഖ്‌പൂർ ലിങ്ക് എക്‌സ്‌പ്രസ് ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള വ്യാവസായിക ഇടനാഴിയുടെ വികസനവും പരിശോധിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിലും മറ്റ് പ്രവർത്തനങ്ങൾക്കും ഗോരഖ്‌പൂർ വ്യവസായ വികസന അതോറിറ്റി നടപടികൾ സ്വീകരിച്ചു. അടുത്ത വർഷം മുതൽ ഇവിടെ എയിംസ് പ്രവർത്തനം ആരംഭിക്കും. മാത്രമല്ല 30 വർഷങ്ങൾക്ക് മുമ്പ് പൂട്ടിയ വളം ഫാക്‌ടറിയുടെ പ്രവർത്തനങ്ങളും പുനരാരംഭിക്കും. പൂർവഞ്ചൽ, വാരണാസി, ഗോരഖ്‌പൂർ എന്നിവിടങ്ങളിലെ രണ്ട് പ്രധാന നഗരങ്ങളെ പൂർവഞ്ചൽ എക്‌സ്‌പ്രസ് ഹൈവേയുമായി ബന്ധിപ്പിക്കും. ഇത് വികസനത്തിന്‍റെ മറ്റൊരു പാത തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.