ഹൈദരാബാദ്: അനധികൃത മദ്യ നിർമാതാക്കളുടെ സംഘം ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. തെലങ്കാനയിലെ മഹാബൂബ്‌നഗർ ജില്ലയിലാണ് സംഭവം.
ഗുഡുംബ എന്നറിയപ്പെടുന്ന മദ്യം വാറ്റിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തി. പരിശോധനക്കിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥരെ സംസ്ഥാന എക്‌സൈസ് മന്ത്രി വി ശ്രീനിവാസ് ഗൗഡ സന്ദർശിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ കണക്കിലെടുത്ത് തെലങ്കാനയിലെ മദ്യശാലകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജ മദ്യ നിര്‍മാണം വ്യാപകമായി. വ്യാജ മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയതായി എക്‌സൈസ് അറിയിച്ചു.