കൊവിഡ് വ്യാപനത്തെ തുടർന്ന് മാര്‍ച്ച് 25 മുതല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി. സാമൂഹിക അകലം പാലിക്കല്‍, സ്വയം ഐസൊലേഷൻ, പുറത്ത് ഇറങ്ങാതിരിക്കുക എന്നീ നിയമങ്ങൾക്കൊപ്പം ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. കൂടുതല്‍ വ്യാപാര സ്ഥാപനങ്ങൾ പ്രവര്‍ത്തനം പുനരാരംഭിച്ചതിനാൽ കടകളില്‍ വരുന്നവരിലൂടെയും മറ്റും രോഗം പടരുവാനുള്ള അപകട സാധ്യത വളരെ കൂടുതലാണ്. കടയുടമകള്‍ക്ക് വൈറസ് ബാധിച്ച് അത് ഉപഭോക്താക്കളിലെത്തുന്ന സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ സ്വയം സംരക്ഷണത്തോടൊപ്പം തന്നെ ഉപഭോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്ന സേവനം നല്‍കുവാന്‍ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും പാലിക്കാവുന്ന ചില ലളിതമായ പെരുമാറ്റ രീതികളെക്കുറിച്ച് അറിയാം.
- കൊവിഡിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക
കൊവിഡ് വ്യാപനത്തെ കുറിച്ചും, അപകട സാധ്യതകളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ വ്യക്തമായ രീതിയില്‍ ഉപഭോക്താക്കൾ കാണുന്നവിധത്തിൽ കടകളിൽ സ്ഥാപിക്കുക. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും, കൈ കഴുകല്‍ രീതി, മാസ്‌ക് ധരിക്കുക, സ്വയം ഐസൊലേഷനില്‍ പോകുക, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തുടങ്ങിയ സന്ദേശങ്ങളും വിവരങ്ങളും ഉൾപ്പെടുത്താം. അതോടൊപ്പം രോഗ ലക്ഷണങ്ങളെക്കുറിച്ചും അറിയിക്കാം.
- ഉപഭോക്താക്കളുടെ എണ്ണം കുറക്കുക, പ്രവൃത്തി സമയം കൂട്ടുക
പലവ്യഞ്ജന കടകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടത്തിവിടുന്ന ഉപഭോക്താക്കളുടെ എണ്ണം കുറക്കുക. വരിയിൽ കൃത്യമായ അകലം പാലിക്കാനുള്ള കളങ്ങള്‍ വരക്കുക. പലവ്യഞ്ജന കടകള്‍, പഴങ്ങളും, പച്ചക്കറികളും വില്‍ക്കുന്നവര്‍ എന്നിവര്‍ ഉപഭോക്താക്കള്‍ക്ക് നില്‍ക്കുന്നതിനായി പ്രത്യേക ഇടങ്ങള്‍ ഒരുക്കി ആൾകൂട്ടം ഒഴിവാക്കണം. ഇതിനുള്ള ഫലപ്രദമയായ വഴി കടകളുടെ പ്രവൃത്തി സമയം കൂട്ടുക എന്നതാണ്.
- സാനിറ്റൈസറുകള്‍ നൽകുക, മാസ്‌കുകള്‍ നിർബന്ധമാക്കുക
സൂപ്പര്‍ മാര്‍ക്കറ്റുകളിൽ സാനിറ്റൈസർ നൽകാതെ അകത്ത് പ്രവേശിപ്പിക്കാതിരിക്കുക. കൈകള്‍ കഴുകാനുള്ള പ്രത്യേക ഇടങ്ങള്‍ ഒരുക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. കടകളിൽ ജീവനക്കാര്‍ മാസ്‌കുകള്‍ ധരിക്കണം. കൈകള്‍ കഴുകുന്നതും മാസ്‌ക് ധരിക്കുന്നതും പതിവാക്കി മാറ്റുക. അമിത ആത്മവിശ്വാസം അപകടസാധ്യത വർധിപ്പിക്കുമെന്ന് ഓർക്കുക.
- കടകളിൽ കൃത്യമായ സൗകര്യങ്ങൾ ഒരുക്കണം
അകത്തേക്ക് കടക്കാനുള്ള വഴി, പണമടക്കാനുള്ള ഇടം, പുറത്തേക്ക് കടക്കാനുള്ള വഴി ഇവയെല്ലാം കൃത്യമായി ഒരുക്കണം. ജീവനക്കാരില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചു കൊണ്ടോ അല്ലെങ്കിൽ ഓൺലൈൻ ആയോ ഓര്‍ഡറുകള്‍ നല്‍കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത് ഫലപ്രദമാണ്. ഉപഭോക്താക്കളെ നേരിട്ട് സാധനങ്ങൾ എടുക്കാൻ അനുവദിക്കരുത്, ആവശ്യത്തിനനുസരിച്ച് ജീവനക്കാർ സാധനങ്ങൾ നൽകണം.
- പുറത്തേക്ക് കടക്കുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കുക
ഒരു സമയത്ത് ഒരു ഉപഭോക്താവിനെ പുറത്ത് കടക്കാൻ അനുവദിക്കുക. ബിൽ ചെയ്‌തതിന് ശേഷം സാധനങ്ങൾ ജീവനക്കാർ തൊടാൻ പാടില്ല. ബിൽ ചെയ്‌ത സാധനങ്ങൾ കവറിലാക്കിയ ശേഷം പുറത്തുകടക്കാൻ അനുവദിക്കുക.
കടകളെ ഓണ്‍ലൈന്‍ പിക് അപ് സ്‌പോട്ടുകളാക്കി മാറ്റുക
സാധനങ്ങളുടെ പട്ടിക നേരത്തെ തന്നെ (ഉദാഹരണത്തിന് വാട്‌സാപ്പ് വഴി) ഉപഭോക്താക്കൾ കടക്കാരന് കൈമാറണം. പാക്ക് ചെയ്‌ത് വെച്ച സാധനങ്ങൾ ഉപഭോക്താക്കള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ നിന്ന് എടുത്തു കൊണ്ടു പോകാനും സൗകര്യം ഒരുക്കുക.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക
നോട്ടുകളിലൂടെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ ഇ-പേയ്‌മെന്‍റ് രീതി പ്രോത്സാഹിപ്പിക്കുക. ഇ-പേയ്‌മെന്‍റ് വിശദാംശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കാണാൻ സാധിക്കുന്ന രീതിയിൽ സ്ഥാപിക്കുക. ഇത് നേരിട്ടുള്ള ഇടപഴകലുകള്‍ കുറക്കും.
അവശ്യ സേവന മേഖലകളെ സ്വയം സംരക്ഷിക്കാനും, ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഇത്തരം നടപടികൾ. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നത് മൂലം കൊവിഡ് വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. പല കടയുടമകളും വരികളിൽ നിശ്ചിത അകലം പാലിക്കുന്നതിനായി കളങ്ങൾ വരക്കുകയും, പേയ്‌മെന്‍റുകൾ ഓണ്‍ലൈനാക്കുകയും ചെയ്‌തു കഴിഞ്ഞു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം ഇഷ്‌ടപ്രകാരം കച്ചവടം നടത്തുന്നവരുടെ സുരക്ഷയിൽ അതീവ ഭീഷണി നിലനിൽക്കുകയാണ്.