ബെംഗളൂരു: സുരക്ഷ പരിശോധന പ്രക്രിയ ലളിതമാക്കാൻ ഇ- ഇൻസ്പെക്ഷൻ സംവിധാനമൊരുക്കുമെന്ന് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ). ഇ ഇൻസ്പെക്ഷൻ സംവിധാനം നിലവിൽ വരുന്നതോടെ ശാരീരിക പരിശോധനയ്ക്ക് ആരും വിധേയരാകേണ്ടിവരില്ലെന്ന് കേന്ദ്ര പ്രോവിഡന്‍റ് ഫണ്ട് കമ്മീഷണർ സുനിൽ ബാർത്വാൾ പറഞ്ഞു. ശാരീരികമായി നേരിടേണ്ടിവരുന്ന ഉപദ്രവം കുറയ്ക്കുന്നതിനും അന്വേഷണ കാലയളവ് പരമാവധി രണ്ട് വർഷമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നിയമ ഭേദഗതിക്ക് ശുപാർശ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇപിഎഫിൽ പേര് ചേർക്കപ്പെട്ട തൊഴിലാളികളിൽ ചിലർ തെറ്റായ വിവരം രേഖപ്പെടുത്തിയതിനാൽ യുഎഎൻ ( 12 അക്കമുള്ള അക്കൗണ്ട് നമ്പർ) ലഭിക്കാത്തവർക്ക് ബദൽ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഏർപ്പെടുത്തിയ സംവാദത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. കെവൈസി പരാതികളിൽ ഗുണഭോക്താക്കൾക്കായി ത്രിദിന പരാതി പരിഹാര സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐസിഎഐക്ക് സമാനമായി പരാതികൾ സ്വയം പരിഹരിക്കാനാകുന്ന കൺസൾട്ടന്‍റുകളുടെ സൊസൈറ്റിയും രൂപീകരിക്കും. എല്ലാ പ്രവർത്തനങ്ങളും ഏകീകരിക്കാൻ കൃത്രിമ ബുദ്ധിയും യന്ത്ര പഠനവും ഉപയോഗപ്പെടുത്തുമെന്നും ഇപിഎഫ്ഒ പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു.