ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഡൽഹി കോടതി തീരുമാനത്തിൽ ദുഃഖം അറിയിച്ച് നിർഭയയുടെ അമ്മ ആശാ ദേവി. നീതിന്യായ വ്യവസ്ഥ കുറ്റവാളികളെ പിന്തുണയ്ക്കുകയാണെന്ന് അവർ പറഞ്ഞു.
കുറ്റവാളികളെ തൂക്കിലേറ്റാനുള്ള ഉത്തരവ് നടപ്പാക്കാൻ ഇത്രയധികം സമയം എടുക്കുന്നതെന്താണെന്നും വധശിക്ഷ ആവർത്തിച്ച് നീട്ടിവയ്ക്കുന്നത് നമ്മുടെ വ്യവസ്ഥയുടെ പരാജയത്തെ കാണിക്കുന്നുവെന്നും ആശാ ദേവി പറഞ്ഞു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഡൽഹി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ സ്റ്റേ ചെയ്തത്. ജനുവരി 22, ഫെബ്രുവരി 1 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൾ ഹർജി സമർപ്പിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി, ശിക്ഷാ കാലാവധി പൂർത്തിയാക്കി. മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.