ഹൈദരാബാദ്: കൊല്ലപ്പെട്ട വെറ്ററിനറി ഡോക്‌ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. സഹതാപമല്ല പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്നായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. യുവതിയുടെ കുടുംബം താമസിക്കുന്ന കോളനിയുടെ പ്രവേശന കവാടം നാട്ടുകാര്‍ അടച്ചുപൂട്ടി.
മാധ്യമങ്ങള്‍ വേണ്ട, പൊലീസ് വേണ്ട, പുറത്തുനിന്നുള്ളവര്‍ വേണ്ട, സഹതാപവും വേണ്ട, വേണ്ടത് നടപടിയും നീതിയും മാത്രമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിക്കാത്തതിലും ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.
അതേസമയം കോളനിയില്‍ എത്തിയ മുൻ എംഎല്‍എയും സിപിഎം നേതാവുമായ ജെ. രങ്കറെഡ്ഡിയെയും പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ പ്രവേശന കവാടത്തിന് മുൻപില്‍ ഇരുന്ന് കുടുംബത്തിന് പിന്തുണ അറിയിച്ചു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ മുഖ്യമന്ത്രി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും രങ്കറെഡ്ഡി ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് ലോറി ഡ്രൈവര്‍മാരെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.