ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് മയക്കുമരുന്ന് കേസിലെ പ്രതി അനൂപെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അനൂപിന്‍റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിനീഷ് അനധികൃത ഫണ്ട് നിക്ഷേപം നടത്തിയെന്നും അനൂപ് തന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും ബിനീഷിന്‍റെ നിർദ്ദേശപ്രകാരമാണ് നടത്തിയതെന്നും ഇഡി അറിയിച്ചു.
അനൂപിന് നിരവധി ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും വരുമാനം വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരിക്കുകയാണെന്നും ഇഡി പ്രസ്താവനയിൽ അറിയിച്ചു. ഫണ്ട് ട്രയൽ അന്വേഷണത്തിൽ, കണക്കാക്കപ്പെടാത്ത ഒരു വലിയ തുക സ്ഥിരമായി അനൂപിന്‍റെ അക്കൗണ്ടിലേക്ക് ബിനീഷ് കോടിയേരി നിക്ഷേപിക്കുന്നതായും കണ്ടെത്തി.കർണാടകയിലെ പ്രമുഖ സംഗീതജ്ഞരും അഭിനേതാക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് എൻസിബി വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ മൂന്നുപേരും കന്നഡ ചലച്ചിത്ര അഭിനേതാക്കൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ബിനീഷിനെ വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക കോടതി നവംബർ 2 വരെ അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ അയച്ചു. കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 17ന് അനൂപിനെ ഇഡി അറസ്റ്റ് ചെയ്തതിരുന്നു. ചോദ്യം ചെയ്യലിൽ അനൂപ് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നും ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ടെന്നും സമ്മതിച്ചു.