ന്യൂഡൽഹി: കേരളത്തിലെ സൈലന്‍റ് വാലി വനമേഖലയിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐയോ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമോ(എസ്ഐടി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അവധ് ബിഹാരി കൗഷിക്കാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആന കൊല്ലപ്പെട്ടതിന് പിന്നിൽ സംഘടിത റാക്കറ്റുണ്ടെന്നും ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് തടയുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ വർഷം ഏപ്രിലിൽ സമാന സംഭവം പുറത്തുവന്നിരുന്നു. കേരളത്തിലെ തന്നെ കൊല്ലം ജില്ലയിൽ പത്തനാപുരം വനമേഖലയിൽ ആനയെ വായയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആനകളെ കൊന്നതുമായി ബന്ധപ്പെട്ട് സമാനമായ കേസുകളുണ്ടെങ്കിൽ അവയുടെ മുഴുവൻ രേഖകളും ആവശ്യപ്പെടണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആനകളെ കൊലപ്പെടുത്തിയ കേസുകൾ അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു എസ്ഐടി രൂപീകരിക്കാൻ കോടതി നിർദേശിക്കണം. നിഷ്പക്ഷമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിന് സാധിക്കില്ലെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു കേന്ദ്ര ഏജൻസിയിൽ നിന്ന് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹർജി നിർദേശിക്കുന്നു.
ദേശീയ ഹരിത ട്രൈബ്യൂണൽ ഗർഭിണിയായ ആനയുടെ മരണം സംബന്ധിച്ച് നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. മെയ് 27ന് മരിച്ച നിലയിൽ കണ്ടെത്തിയ ആനയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സമീപവാസികൾ നൽകിയ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ചതിനെ തുടർന്ന് രണ്ടാഴ്ചയോളം ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സമീപത്തെ നദിയിൽ അകപ്പെട്ട ആനയുടെ ശ്വാസകോശം പ്രവർത്തനരഹിതമായതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.