ഭൂവനേശ്വർ: അന്ധവിശ്വാസത്തിന്റെ പേരിൽ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊന്ന് വീടിന് തീവച്ചു. ജാജ്പൂരിലെ കലിംഗ നഗർ ആദിവാസി ഊരിലാണ് സംഭവം. മന്ത്രവാദം നടത്തുന്നതിനിടയിൽ വൃദ്ധ ദമ്പതികളെ കൊന്ന് വീടിന് തീവക്കുകയായിരുന്നു. ബസന്തി ബാൽമുച്ച്, കൈലാഷ് ബാൽമുച്ച് എന്നിവരാണ് മരിച്ചത്.
സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.നേരത്തെ മകളുടെ മരണത്തിന് കാരണമായ മന്ത്രവാദിയുടെ തല പിതാവ് മുറിച്ച് മാറ്റിയതും ഇതേ ഗ്രാമത്തിലാണ്.
ചൂഷണത്തിനും മന്ത്രവാദത്തിനും എതിരെ നിയമം നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഒഡീഷ. സംസ്ഥാന സർക്കാർ 2013 ൽ ഒഡീഷ പ്രിവൻഷൻ ഓഫ് വിച്ച്-ഹണ്ടിംഗ് ആക്റ്റ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല.