ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇന്നലെ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസറ്റിഡിയില്‍ വിട്ടു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. പ്രമുഖ കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ് വിയാണ് ഡി കെ ശിവകുമാറിന് വേണ്ടി ഹാജരായത്. കുടുംബ ഡോക്ടര്‍ രംഗനാഥന് ശിവകുമാറിനെ ചികിത്സിക്കാനുള്ള അനുമതിയുണ്ട്. എല്ലാദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്ക് ഡി കെ ശിവകുമാറിനെ കാണാനും കോടതി അനുവാദം നല്‍കി.
അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലുടനീളം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കനകപൂരില്‍ പ്രതിഷേധക്കാര്‍ കര്‍ണാടക ആര്‍ടിസിയുടെ രണ്ടു ബസുകള്‍ക്ക് തീയിട്ടു. നിരവധി ബസുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ സ്വകാര്യ ബസിന് നേരെയും കല്ലേറുണ്ടായി. അക്രമ സംഭവങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.
അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ശിവകുമാറിനെ ഇന്നലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശിവകുമാറിന്‍റെ ആരോഗ്യ നില മോശമായിട്ടും ഡയറക്ടറേറ്റ് പീഡിപ്പിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പറഞ്ഞു. മുന്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. തന്നെ അറസ്റ്റ് ചെയ്യിച്ച ബിജെപി നേതാക്കളെ അഭിനനന്ദനം അറിയിച്ചുകൊണ്ട് ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.