ന്യൂഡൽഹി: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടന്‍റെ പിതാവ് കെ.കെ സിംഗിന്‍റെ മൊഴിയെടുത്തു. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യം ചെയ്യൽ. സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തി, റിയയുടെ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത്, സുശാന്തിന്‍റെ സിഎ സന്ദീപ് ശ്രീധർ, സുശാന്തിന്‍റെ മുൻ മാനേജരും റിയയുടെ മാനേജരുമായ ശ്രുതി മോദി, റിയയുടെ സിഎ റിതേഷ് ഷാ, സുശാന്തിന്‍റെ ഫ്ലാറ്റിലുള്ള സിദ്ധാർഥ് പിതാനി, ഹൗസ് മാനേജർ സാമുവൽ മിറാൻഡ, നടന്‍റെ സ്വകാര്യ ഡോക്‌ടർ തുടങ്ങി നിരവധി പേരുടെ മൊഴിയെടുത്തു കഴിഞ്ഞു.
സുശാന്തിന്‍റെ സഹോദരി മിതു സിംഗിന്‍റെ മൊഴി മുംബൈയിൽ വെച്ച് രേഖപ്പെടുത്തി. കെ.കെ സിംഗിന്‍റെ പരാതിയിൽ ബിഹാർ പൊലീസ് എഫ്‌ഐആർ സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് എൻഫോഴ്‌സ്‌മെന്‍റ് രജിസ്റ്റർ ചെയ്‌തത്. ജൂലൈ 25 നാണ് കെ.കെ സിംഗ് ബിഹാർ പൊലീസിന് പരാതി നൽകിയത്. മകന്‍റെ അക്കൗണ്ടിൽ നിന്നും 15 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് പിൻവലിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ജൂലൈ 31 ന് റിയക്കും കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്‍റ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.