ലക്നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുൻ മന്ത്രി രംഗ്‌നാഥ് മിശ്രയുടെ അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 2007-11ലെ ബിഎസ്‌പി മന്ത്രിസഭയില്‍ ആഭ്യന്തരം, സെക്കൻഡറി വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌ത മന്ത്രിയായിരുന്നു രംഗ്‌നാഥ് മിശ്ര. രംഗ്‌നാഥ് മിശ്രയുടെ പേരിലുണ്ടായിരുന്ന അലഹബാദിലെ ടാഗോർ ടൗണിലെ ഒരു റെസിഡൻഷ്യൽ പ്ലോട്ടാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. 2010ലാണ് തന്‍റെ പേരിലും കുടുംബത്തിന്‍റെ പേരിലുമായി രംഗനാഥ് മിശ്ര വസ്‌തുക്കൾ സ്വന്തമാക്കിയത്.
രംഗ്‌നാഥ് മിശ്രക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. ഉത്തർപ്രദേശ് വിജിലൻസ് വകുപ്പ് സമർപ്പിച്ച എഫ്‌ഐആറിനെ തുടര്‍ന്നാണ് മിശ്രയ്‌ക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചത്. ട്രസ്റ്റ്, ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയുടെ പേരിൽ മിശ്രയും കുടുംബാംഗങ്ങളും വാങ്ങിയ വസ്തുവകകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു.