ന്യൂഡൽഹി: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും പത്മഭൂഷൺ അവാർഡ് ജേതാവുമായ ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു. കഴിഞ്ഞ ഒരുവർഷമായി കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിശിഷ്ട സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളാണ് ഇഷർ അലുവാലിയ. ആസൂത്രണ കമ്മീഷന്റെ മുൻ ഡെപ്യൂട്ടി ചെയർപേഴ്സൺ മോണ്ടെക് സിങ്ങ് അലുവാലിയയുടെ ഭാര്യയാണ്.
15 വർഷമായി ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് ചെയർപേഴ്സണായിരുന്നു ഇഷർ അലുവാലിയ. സാമ്പത്തിക വളർച്ച, ഉൽപാദനക്ഷമത, വ്യാവസായിക, വാണിജ്യ നയ പരിഷ്കാരങ്ങൾ, നഗര ആസൂത്രണം, വികസനം എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ നഗരവൽക്കരണത്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഒരു ഗവേഷണ പരിപാടിക്ക് ഇഷർ നേതൃത്വം നൽകി. വിദ്യാഭ്യാസ, സാഹിത്യരംഗത്തെ സേവനങ്ങൾക്ക് രാഷ്ട്രം ഇവരെ 2009ൽ പത്മഭൂഷൺ നൽകി ആദരിച്ചു.