ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീഡിയോ ഗാനം പുറത്തിറക്കിയ ഡല്‍ഹി ഹരിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി താജീന്ദർ പാൽ സിംഗ് ബഗ്ഗ കുരുക്കില്‍. ഗാനത്തിന് ചെലവായ തുക എത്രയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ നോട്ടീസ് നല്‍കി. ബാഗ്ഗ ബാഗ്ഗ ഹര്‍ ജഗ.. എന്ന ഗാനം ബിജെപി നേതൃത്വം പുറത്ത് വിട്ടതിന് പിന്നാലെയാണ് നോട്ടീസ്. ട്വിറ്റര്‍ വഴിയാണ് ഗാനം പുറത്തുവിട്ടത്. ഒരു മിനുട്ടും 53 സെക്കന്‍ഡുമുള്ള ഗാനം സ്ഥാനാര്‍ഥിയെ പുകഴ്ത്തികൊണ്ടുള്ളതാണ്. തന്‍റെ തെരഞ്ഞെടുപ്പ് ചെലവ് പട്ടികയില്‍ എന്തുകൊണ്ട് ഗാനത്തിന്‍റെ ചെലവ് ഉള്‍പ്പെടുത്തിയില്ല എന്ന് വ്യക്തമാക്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. 48 മണിക്കൂറിനം ഇക്കാര്യം അറിയിക്കാനും നിര്‍ദേശമുണ്ട്.
കമ്മിഷന്‍റെ മീഡിയ മോണിറ്ററിങ്ങ് കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. അതേസമയം കമ്മിഷന്‍റെ നോട്ടീസിനെതിരെ താജീന്ദർ പാൽ സിംഗ് ബഗ്ഗ രംഗത്തെത്തി. തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍പുതന്നെ ഗാനം പുറത്തിറക്കിയിട്ടുണ്ട്. തന്‍റെ കോളജ് കാലത്തെ രംഗങ്ങളാണ് ഇതിനായി ഉപേയാഗിച്ചിരിക്കുന്നത്. ഗാനം ട്വിറ്ററില്‍ റീ പോസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ പിതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ ബഹുമാനമുണ്ട്. കമ്മിഷന് നല്‍കേണ്ട മറുപടി തന്‍റെ അഭിഭാഷകര്‍ തയ്യാറാക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എഎപിക്കും അരവിന്ദ് കെജ്രിവാളിനും ഭയമായതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്‌നൗവിലെ ഒരു കോളജ് വിദ്യാര്‍ഥിയാണ് ഗാനം തയ്യാറാക്കിയത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണല്‍ നടക്കും.