കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ബംഗാളിലെ പ്രതിഷേധം ഫുട്ബോള്‍ മൈതാനങ്ങളിലേക്കും പടരുന്നു. വര്‍ഷങ്ങളുടെ ചരിത്രമുള്ളതും ഐ ലീഗില്‍ കൊല്‍ക്കത്ത ഡര്‍ബി എന്നറിയപ്പെടുന്നതുമായി മോഹന്‍ ബഗാന്‍ ഈസ്‌റ്റ് ബംഗാള്‍ മത്സരത്തിനിടെയാണ് സംഭവം. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള വന്‍ ബാനറുകളുമായാണ് ഈസ്‌റ്റ് ബംഗാള്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. മത്സരത്തിനുടനീളം ബാനറുകള്‍ ഗ്യാലറിയില്‍ ഉയര്‍ന്നു നിന്നു. "ചോര കൊടുത്ത് നേടിയ ഭൂമിക്ക് പകരമാകില്ല ഒരു പേപ്പര്‍" എന്നെഴുതിയ ബാനറാണ് ഗ്യാലറിയില്‍ ഉയര്‍ന്നത്.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈസ്‌റ്റ് ബംഗാള്‍ പരാജയപ്പെട്ടെങ്കിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ വ്യത്യസ്ഥമായ പ്രതിഷേധം ബംഗാള്‍ ആരാധകര്‍ക്ക് ഹീറോ പരിവേഷം നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ചരിത്രത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും ബാനറുകള്‍ ഉയര്‍ന്നു.
18 -ാം മിനുട്ടില്‍ സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ ജൊസേബ ബെയ്‌ടിയ നേടിയ ഗോളിന്‍റെ ബലത്തിലാണ് മോഹന്‍ ബഗാന്‍ ഈസ്‌റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മോഹന്‍ ബഗാന്‍ പോയന്‍റ് ടേബിളിലെ ലീഡ് ഉയര്‍ത്തി. അതേസമയം ലീഗില്‍ ആറാം സ്ഥാനത്താണ് ഈസ്‌റ്റ് ബംഗാള്‍