ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 'റിസാറ്റ് 2-ബി' ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 5.27ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. അതിർത്തിയില്‍ വ്യോമ നിരീക്ഷണത്തിന് സഹായകരമാകുന്ന റിസാറ്റ് 2 ബി ഉപയോഗിച്ച് കടലില്‍ കപ്പലുകളുടെ സഞ്ചാരവും നിരീക്ഷിക്കാനാകും,
പിഎസ്എൽവി യുടെ 48-ാം ദൗത്യത്തിൽ പിഎസ്എൽവി സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. വലിയ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഉപയോഗിക്കാതെയുള്ള പിഎസഎൽവിയുടെ 14-ാം ദൗത്യമാണ് ഇന്ന് നടന്നത്.
ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് വിഭാഗത്തിലെ ഉപഗ്രഹം വിക്ഷേപണം നടന്ന് 15 മിനിറ്റുകൾ കൊണ്ട് 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തി. രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന എക്‌സ് ബാൻഡ് റഡാർ ആണ് ഉപഗ്രഹത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
കാലാസ്ഥാ വ്യതിയാനങ്ങൾ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളടക്കം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം ഉപയോഗിക്കാനാകും. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.