മുംബൈ: മെഫെഡ്രോൺ (എംഡി) എന്ന മയക്കു മരുന്നുമായി നാല് പേർ പിടിയിൽ. സംഭവത്തില്‍ രണ്ട് ആഫ്രിക്കൻ പൗരന്മാരടക്കം നാല് പേരെ മുംബൈ പൊലീസ് വ്യാഴാഴ്‌ച അറസ്റ്റ് ചെയ്തു.
രണ്ട് വിദേശ പൗരന്മാർ മയക്കുമരുന്ന് നൽകാൻ വരുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. വിദേശികൾ കയറിയ ഓട്ടോയെ പിന്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് 700 ഗ്രാം എംഡി മരുന്നാണ് പൊലീസ് കണ്ടെത്തിയത്. പിടികൂടിയ മയക്കുമരുന്നിന് 1.40 കോടി രൂപ വിലമതിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഇവരെ ഡിസംബർ 18 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.