അമരാവതി: തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം കൃഷി ചെയ്യുന്ന പഴം എന്ന നിലയിലായിരുന്നു ഡ്രാഗൺ ഫ്രൂട്ടിനെ നമ്മൾ കണ്ടിരുന്നത്. എന്നാൽ തണുപ്പ് പ്രദേശങ്ങളിൽ മാത്രമല്ല ചൂടുള്ള പ്രദേശങ്ങളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ വിശാഖ ജില്ലയിലുള്ള കർഷകന്‍. കഴിഞ്ഞ മൂന്ന് വർഷമായി അപ്പ റാവു എന്ന കര്‍ഷകന്‍ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നു.
മെയ് മുതൽ സെപ്റ്റംബർ വരെയാണ് വിളവെടുപ്പ് കാലം. കള്ളിമുള്‍ വിഭാഗത്തിലെ പഴ വര്‍ഗ്ഗച്ചെടിയായ ഡ്രാഗണിന്‍റെ കൃഷി വളരെ ലാഭകരമാണെന്നാണ് അപ്പ റാവു പറയുന്നത്. ഒരേക്കറില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നതിലൂടെ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനാകും. മൂന്ന് ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ക്ക് 100 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള പഴമായതിനാല്‍ ആവശ്യക്കാരേറെയാണെന്നും അപ്പ റാവു പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ സഹായം അധികൃതര്‍ ചെയ്‌ത് നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.