ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്നത് 12.2 ദിവസം കൂടുമ്പോഴെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. കഴിഞ്ഞ 14 ദിവസങ്ങളായി 11 ദിവസം കൂടുമ്പോഴാണ് കൊവിഡ് കേസുകള്‍ ഇരട്ടിച്ചത്. ബുധനാഴ്‌ച വരെ ഇന്ത്യയില്‍ 74,281 കേസുകളാണ് സ്ഥിരീകരിച്ചത്. 24,386 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 2415 പേര്‍ ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3525 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് 3.2 ശതമാനവും രോഗം ഭേദപ്പെടുന്നവരുടെ നിരക്ക് 32.8 ശതമാനം പേരുമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നത് 2.75 ശതമാനം പേരാണ്. 0.37 ശതമാനം പേര്‍ വെന്‍റിലേറ്ററിലുമാണ്.
ഒരു ദിവസം 1,00,000 സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം രാജ്യത്തൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍,അരുണാചല്‍ പ്രദേശ്,ദാദ്ര നഗര്‍ ഹവേലി, ഗോവ,ചത്തീസ്‌ഗഢ്, ലഡാക്ക്,മണിപ്പൂര്‍,മേഘാലയ,മിസോറാം,ദാമന്‍ ദിയു,സിക്കിം ,നാഗാലാന്‍റ് ,ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. കേന്ദ്രം 78.42 ലക്ഷം എന്‍ 95 മാസ്‌കുകളും 42.18 ലക്ഷം പിപിഇ കിറ്റുകളും സംസ്ഥാനങ്ങള്‍ക്കും,കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്‌തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.