ഭുവനേശ്വർ: ഒഡീഷയിൽ ലോക് ഡൗൺ കാലയളവിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നവർ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് ഇനിമുതൽ സ്റ്റേഷനിലേക്ക് പോകേണ്ടതില്ല. ഫോൺ കോൾ ലഭിച്ചാൽ പൊലീസ് നേരിട്ട് പരാതിക്കാരന്‍റെ അടുത്തെത്തും. ഗാർഹിക പീഡന കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഒഡീഷ പൊലീസിന്‍റെ പുതിയ തീരുമാനം.
ഫോൺ കോൾ ലഭിച്ചയുടൻ പൊലീസ് വീട്ടിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി അഭയ പറഞ്ഞു. ഇതിനായി ഒഡീഷ പൊലീസ് സിറ്റിസൺ പോർട്ടൽ, സഹയാത്ര മൊബൈൽ ആപ്പ് എന്നിവയിലൂടെ പൊലീസിനെ സമീപിക്കാനാകും. ഗാർഹിക പീഡനക്കേസുകൾക്ക് മുൻഗണന നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ നടപടി. സംസ്ഥാനത്ത് ഇതുവരെ ലോക് ഡൗൺ സമയത്ത് ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പല സംസ്ഥാനങ്ങളിലും ഇത്തരം കേസുകൾ ഉയർന്നിട്ടുണ്ട്. ലോക് ഡൗൺ കാലയളവിളെ ഗാർഹിക പീഡനക്കേസുകളെല്ലാം സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണം. ഇത്തരം കേസുകൾക്ക് മേൽനോട്ടം വഹിക്കേണ്ടത് ഡിഎസ്‌പി റാങ്കോ അതിൽ കൂടുതലോ ഉള്ള ഉദ്യോഗസ്ഥരാണ്.