ന്യൂഡൽഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗാർഹിക പീഡന കേസുകള്‍ വര്‍ദ്ധിച്ചതായി ദേശീയ വനിതാ കമ്മീഷൻ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. ഭര്‍ത്താവിന്‍റെ പീഡനങ്ങള്‍ അനുഭവിക്കുന്ന ഭാര്യമാരുടെ പരാതികളാണ് ഏറെയും. ഭാര്യയെ കൊവിഡ് 19 എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുവെന്നാണ് വ്യത്യസ്തമായി ലഭിച്ച ഒരു പരാതിയെന്ന് എൻസിഡബ്ല്യു ചെയർപേഴ്‌സൺ രേഖ ശർമ മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 24 മുതൽ ഏപ്രിൽ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 69 ഗാർഹിക പീഡന പരാതികളാണ് കമ്മീഷന് ലഭിച്ചത്. ദിവസവും ഒന്നില്‍ കൂടുല്‍ മെയില്‍ കമ്മീഷന് ലഭിക്കുന്നുണ്ട്. കമ്മീഷന്‍ ചെയര്‍പേഴ്സന്‍റെ സ്വകാര്യ മെയിലിലും സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകള്‍ക്ക് പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ല. ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയെത്തിയാലും ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ വീണ്ടും അവര്‍ പീഡിപ്പിക്കും. നേരത്തെ സ്ത്രീകൾ പുറത്തുപോകാനുള്ള അവസരം ഉണ്ടായിരുന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കുന്നു. സ്വന്തം വീട്ടിലോ പൊതു ഇടങ്ങളിലോ ഒക്കെ പോകാനുള്ള അവസരം കൂടി നഷ്ടമായത് നിരവധി സ്ത്രീകളെ സംബന്ധിച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നൈനിറ്റാളില്‍ സ്ത്രീയെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നതായി പരാതി ലഭിച്ചു. ലോക്ക് ഡൗണ്‍ കാരണം അവര്‍ക്ക് പുറത്തു പോകാന്‍ കഴിയുന്നില്ല. പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്താല്‍ പുറത്തുള്ള മറ്റുള്ളവര്‍ തന്നെ ഉപദ്രവിക്കുമെന്ന് അവര്‍ ഭയക്കുന്നു. ഇക്കാരണത്താല്‍ പുറത്ത് ഹോസ്റ്റലിലോ മറ്റോ തങ്ങണമെന്നാണ് അവരുടെ ആവശ്യം.
ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ വലിയ പ്രയാസമാണ്. ഓരോരുത്തര്‍ക്കും 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. ഓരോരുത്തരേയും ഞങ്ങള്‍ ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.