ലക്നൗ: സംസ്ഥാനത്തെ ഡോക്ടർമാർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ നാരായണ സ്വരൂപ് ആശുപത്രിയിലെ ഡോക്ടർമാർ പ്രകടനം നടത്തി. "ഡോക്ടർമാരെ രക്ഷിക്കുക ജീവൻ രക്ഷിക്കുക, ഒരു വശത്ത് ദൈവം എന്ന് വിളിക്കുന്നു മറുവശത്ത് കല്ലെറിയുന്നു" എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ പിടിച്ചാണ് ഡോക്ടർമാർ പ്രകടനം നടത്തിയത്.
കൊവിഡ് പ്രതിരോധത്തിനായി ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരും രോഗികളെ പരിചരിക്കുകയും വ്യാപനം തടയാൻ പരിശ്രമിക്കുകയും ചെയ്യുകയാണ്. ഡോക്ടർമാർ ഇതിനകം സമ്മർദത്തിലാണ്. അക്രമസംഭവങ്ങൾ ഉയർന്നാൽ കൃത്യനിർവഹണം ബുദ്ധിമുട്ടിലാകും. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്നും ആശുപത്രിയിലെ ഡോക്ടർ രാജീവ് സിങ് ആവശ്യപ്പെട്ടു.
അടുത്തിടെ മൊറാദാബാദിലെ മെഡിക്കൽ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന ആംബുലൻസിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞ സംഭവത്തിൽ ഡോക്ടറും ഫാർമസിസ്റ്റും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.