ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (പിഎം കെയേഴ്സ്) ഫണ്ടിലേക്ക് നൽകിയ സംഭാവനകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പി.എം. കെയേഴ്‌സ് പണം ദുരന്തനിവാരണ നിധിയിലേക്ക് മാറ്റേണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ പി. ചിദംബരം രംഗത്തെത്തിയത്.
സുതാര്യത, മാനേജുമെന്‍റ് രീതികൾ എന്നിവയുൾപ്പെടെ പിഎം-കെയർ ഫണ്ടിന് മറ്റ് വശങ്ങളുണ്ടെന്നും അത് സംബന്ധിച്ച് വിധി പ്രഖ്യാപിക്കാൻ സുപ്രീംകോടതിയ്ക്ക് അധികാരമില്ലെന്നും ചിദംബരം ട്വിറ്റിൽ പറഞ്ഞു. 2020 മാർച്ചിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ 3,076 കോടി രൂപ സംഭാവന നൽകിയതാരാണെന്ന് അദ്ദേഹം ചോദിച്ചു. 2020 ഏപ്രിൽ 1 മുതൽ ലഭിച്ച തുകയെക്കുറിച്ചും ദാതാക്കളെക്കുറിച്ചും ചിദംബരം ചോദ്യം ഉന്നയിച്ചു.
സ്വമേധയാ സംഭാവന നൽകാൻ സാധിക്കുന്ന പി.എം. കെയേഴ്‌സിലെ ഫണ്ട് ദുരന്തനിവാരണ നിധിയിലേക്കു മാറ്റേണ്ട ആവശ്യമില്ലെന്നും അവശ്യമെങ്കിൽ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന് തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.