അമരാവതി: വിശാഖപട്ടണം കെമിക്കൽ ഫാക്‌ടറിയിലെ മറ്റ് കെമിക്കൽ ടാങ്കുകളെല്ലാം സുരക്ഷിതമാണെന്ന് ജില്ലാ കലക്‌ടർ വിനയ് ചന്ദ് അറിയിച്ചു. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വാതകം പോളിമറൈസ് ചെയ്യാനും ടാങ്കുകൾ സുരക്ഷിതമാക്കാനും 18 മുതൽ 24 മണിക്കൂർ ആവശ്യമാണെന്ന് ജില്ലാ മജിസ്‌ട്രറ്റ് അറിയിച്ചിരുന്നു.
ചോർച്ച പൂർണമായും പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചു. വിദഗ്‌ധർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. സ്ഥിതി ഇപ്പോൾ പൂർണമായും നിയന്ത്രണത്തിലാണെന്നും കലക്‌ടർ അറിയിച്ചു. എഞ്ചിനീയർമാരുമായി ചർച്ച നടത്താനും, പ്ലാന്‍റിലെ അസംസ്‌കൃത വസ്‌തുക്കളും രാസവസ്‌തുക്കളും ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ രാസവസ്‌തുക്കൾ പ്ലാന്‍റിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും അദ്ദേഹം നിർദേശിച്ചു. അതേസമയം വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാൻ ഉന്നതതല ഉദ്യോഗസ്ഥർ അടങ്ങിയ കമ്മിറ്റിയെ നിയോഗിക്കാനും, കെമിക്കൽ ഫാക്‌ടറികളിൽ സുരക്ഷാ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ചീഫ് സെക്രട്ടറി നിലം സാവ്‌നി ഉത്തരവിറക്കി.
കമ്മിറ്റിയിൽ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (പരിസ്ഥിതി, വനം) നീരഭ് കുമാർ പ്രസാദ് അധ്യക്ഷനും, മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി വിവേക് യാദവ് കൺവീനറും ആയിരിക്കും. വിശാഖപട്ടണം ജില്ലാ കലക്‌ടർ, സിറ്റി പൊലീസ് കമ്മീഷണർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ചോർച്ചയുടെ കാരണങ്ങൾ അന്വേഷിക്കുക, എല്ലാ സുരക്ഷാ നിയമങ്ങളും കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.