ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വിയോജിപ്പിനുള്ള അവകാശത്തെ തീവ്രവാദത്തോടും ദേശീയ വിരുദ്ധ പ്രവർത്തനത്തോടും താരതമ്യപ്പെടുത്തുകയാണ് മോദി സർക്കാരെന്ന് സോണിയ ഗാന്ധി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ നെടുംതൂണുകൾ ആക്രമിക്കപ്പെടുകയാണെന്നും കോൺഗ്രസ് പുറത്തിറക്കിയ ലേഖനത്തിൽ സോണിയ ഗാന്ധി പറയുന്നു. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ സോണിയ ഗാന്ധി ഉന്നയിച്ചത്.
അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം അടിച്ചമർത്തുകയാണെന്നും ആസൂത്രണമായാണ് മോദി സർക്കാർ ഈ നടപടിയെടുക്കുന്നതെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ദേശിയ സുരക്ഷയെ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രശ്‌നങ്ങൾ മറച്ചുവെക്കപ്പെടുകയാണ്. ഓൺലൈനിലൂടെയും തെരഞ്ഞെടുക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലൂടെയും അന്വേഷണ ഏജൻസികളിലൂടെയും വിമത സ്വരം ഉയർത്തുന്നവരെ തകർക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇന്ത്യൻ ഭരണകൂടത്തിന്‍റെ ശത്രുക്കളായി മുദ്രകുത്തുകയാണെന്ന് മോദി സർക്കാർ ചെയ്യുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു.