കര്‍ണാടകയിലെ ദര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന നാല് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം പതിമൂന്നായി. 15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40നാണ് ദര്‍വാഡിലെ കുമരേശ്വരനഗറില്‍ നിര്‍മാണം നടക്കുന്നതിനിടയില്‍ കെട്ടിടം നിലം പൊത്തിയത്.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ് റവന്യൂ അധികൃതര്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദര്‍വാഡിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കോണ്‍ഗ്രസ് മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്നു വീണ നാല് നില കെട്ടിടം.
സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വസ്തുക്കള്‍ കൊണ്ട് കെട്ടിടം ഉണ്ടാക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം. കെട്ടിട ഉടമകള്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണക്കാരായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപികരിച്ചേക്കും.