ന്യൂഡൽഹി: മഹാ ശിവരാത്രി ആഘോഷത്തിൽ രാജ്യം. ഇന്ത്യയിലെ വിവിധ ഹൈന്ദവ ക്ഷേത്രങ്ങളിൽ ശിവരാത്രിയോട് അനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈയിലെ ബാബുൽനാഥ് ക്ഷേത്രം, ദില്ലി ചാന്ദ്‌നി ചൗക്കിലെ ശ്രീ ഗൗരി ശങ്കർ ക്ഷേത്രം, അമൃത്സറിലെ 'ശിവാല ബാഗ് ഭയ്യൻ' ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും തിരക്ക് അനുഭവപ്പെടാറുള്ളത്. ശിവന്‍റെ ഏറ്റവും മഹത്തായ രാത്രി എന്ന് അർഥം വരുന്ന മഹാ ശിവരാത്രി രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നാണ്. പുരാണങ്ങള്‍ പ്രകാരം എല്ലാമാസത്തിലും ഓരോ ശിവരാത്രി വരുന്നുണ്ട്.
ഇതുപ്രകാരം എല്ലാമാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദ്ദശിയാണ് മാസ ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍വരുന്ന ദിവസമാണ് മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. രണ്ടുരാത്രികളില്‍ ചതുര്‍ദ്ദശി വന്നാല്‍ ആദ്യത്തെ ചതുര്‍ദ്ദശിക്കാണ് ശിവരാത്രിയായി കണക്കാക്കുക. ശിവന്‍റെ അനുഗ്രഹം നേടിയെടുക്കാനുളള മാര്‍ഗ്ഗമാണ് ശിവരാത്രിവ്രതം. തമോ, രജോ ഗുണങ്ങളെ നിയന്ത്രിച്ച് സ്വാത്വികഭാവം നേടിയെടുക്കാന്‍ വ്യക്തിയെ പ്രാപ്തമാക്കുന്ന വ്രതം കൂടിയാണ് മഹാ ശിവരാത്രി വ്രതം.