ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിന്‍റെ അതേ മാതൃകയിലാണ് ഡല്‍ഹിയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലും കലാപം പൊട്ടിപുറപ്പെട്ടതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയും മലപ്പുറം എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് പ്രതിനിധികൾ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വളരെ ഭയാനകമായ അവസ്ഥയാണ് പ്രദേശത്തുള്ളത്. അക്രമം ആസൂത്രിതമായിരുന്നു. അക്രമത്തിന് പിന്നില്‍ ബിജെപിയുടെ കപില്‍ മിശ്രയാണെന്ന് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊലീസ് അക്രമത്തില്‍ കാഴ്ചക്കാർ മാത്രം നിന്നെന്ന് ഇരകൾ പറഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ നിരപരാധികളായ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002ലെ ഗുജറാത്ത് കലാപത്തെ ഡല്‍ഹി കലാപവുമായി അദ്ദേഹം ഉപമിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു. അതുകൊണ്ട് തന്നെ അതെ തന്ത്രം ഡല്‍ഹി കലാപത്തിലും ഉപയോഗിച്ചിട്ടുണ്ട്. അക്രമത്തില്‍ ഡല്‍ഹി പൊലീസിന്‍റെ വീഴ്ചയെ അപലപിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ ഉടൻ മാറ്റിയതിലും കുഞ്ഞാലിക്കുട്ടി കേന്ദ്ര സർക്കാരിനെ വിമർശിച്ചു.
കേരള മുസ്ലിം കൾച്ചറൽ സെന്‍റർ വടക്കുകിഴക്കൻ ഡല്‍ഹിയിലെ അക്രമ ബാധിത പ്രദേശങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ ഡല്‍ഹിയിലെ എല്ലാ മതങ്ങളിൽ നിന്നുള്ള ഇരകൾക്കായി കെഎംസിസിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കും. കർണാടക, ഡല്‍ഹി, യുപി എന്നിവിടങ്ങളിൽ നിന്നുള്ള ഞങ്ങളുടെ തൊഴിലാളികൾ വടക്കുകിഴക്കൻ ഡല്‍ഹിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുമെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഗുജറാത്ത് ലഹളയുടെ മാതൃക ഡല്‍ഹിയില്‍ ആവർത്തിച്ചതായി തമിഴ്‌നാടിന്‍റെ രാമനാഥപുരം ഐയുഎംഎൽ എം പി നവസ്‌കാനിയും ആരോപിച്ചു.