ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിനിടെ മധുരപലഹാര കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ 12 പേർക്കെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കലാപകാരികൾ രാജധാനി സ്‌കൂളിനകത്ത് കടക്കുകയും ടെറസിൽ നിന്ന് വെടിവെക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പെട്രോൾ ബോംബുകൾ, ആസിഡ്, ഇഷ്ടികകൾ, കല്ലുകൾ, മറ്റ് ആയുധങ്ങൾ എന്നിവ സ്‌കൂളിന്‍റെ ടെറസില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്‌തു.
സ്‌കൂളിലെ ടെറസില്‍ നിന്ന് ഡിആര്‍പി കോണ്‍വെന്‍റ് സ്‌കൂളിലേക്ക് ഇറങ്ങാന്‍ കലാപകാരികള്‍ കയറുകള്‍ ഉപയോഗിച്ചിരുന്നുവെന്നും തുടര്‍ന്ന് ജനക്കൂട്ടം ഡിആര്‍പി സ്‌കൂളിന് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് ആരോപിച്ചു. റോഡിന്‍റെ മറുവശത്ത് രാജസ്ഥാനി സ്കൂളിന് മുന്നിലുള്ള അനില്‍ സ്വീറ്റ്സിന്‍റെ കെട്ടിടം കലാപകാരികൾ കത്തിച്ചു. കടക്കുള്ളില്‍ നിന്ന് ജോലിക്കാരനായ ദില്‍ബര്‍ നേഗിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഫെബ്രുവരി 26നാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ദില്‍ബര്‍ നേഗിയുടെ മൃതദേഹം ബ്രഹ്മപുരിയിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകക്കേസില്‍ ഷാനവാസ് എന്നൊരാളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.