ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന വർഗീയ കലാപം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുന്നു. സംഘർഷത്തിൽ ഒരു പൊലീസുകാരന്‍റേത് ഉൾപ്പെടെ മരണസംഖ്യ 34 ആയി. ഗോകുൽപുരിയിലെ ഓവുചാലിൽ നിന്നാണ് രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഘർഷ മേഖലകളിൽ ഡ്രോൺ നിരീക്ഷണം വ്യാപകമാക്കി.
അതേസമയം സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദർശനം നടത്തി. സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ കേന്ദ്രം വീണ്ടും തള്ളിയിരുന്നു. അതിനിടെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. മുരളീധറിനെ കൊളീജിയം ശുപാർശ പ്രകാരം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് അർധരാത്രി സ്ഥലം മാറ്റി.