ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തില്‍ പിടിയിലായ ഷാരൂഖ് പത്താന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഇയാള്‍ അപേക്ഷ പിന്‍വലിച്ചത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ജഡ്ജ് ബെഞ്ചാണ് ജാമ്യാപേക്ഷ നിരസിച്ചത്. കലാപത്തിനിടെ ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദാഹിയയ്ക്ക് നേരെ തോക്ക് ചൂണ്ടിയിരുന്നു ഷാരൂഖ് പത്താന്‍. സംഭവത്തില്‍ പത്താനെതിരെ കലാപ ശ്രമത്തിനുള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.
'സമൂഹത്തില്‍ ഇറങ്ങി തോക്ക് ചൂണ്ടിയപ്പോള്‍ ഇയാള്‍ മാതാപിതാക്കളെ കുറിച്ച് ചിന്തിച്ചില്ലെയെന്ന്' ഷാരൂഖ് പത്താൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ മറുപടിയായി ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. പ്രശ്നത്തില്‍ അകപ്പെട്ടപ്പോള്‍ സഹായത്തിനായി ഇയാള്‍ മാതാപിതാക്കളെ തിരികെ കൊണ്ടുവന്നുവെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ഹൈക്കോടതിയുടെ സിംഗിള്‍ ബൈഞ്ച് ജഡ്ജി പറഞ്ഞു.
തന്‍റെ അപേക്ഷകന്‍ സാഹചര്യത്തിന്‍റെ ഇരയാണെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രതിയുടെ പ്രവൃത്തിയില്‍ ആർക്കും പരിക്കേറ്റതായി തെളിവുകളില്ലെന്നും ഷാരൂഖ് പത്താന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഷാരൂഖിന്‍റെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷയില്‍ നീണ്ട വാദം കേട്ട കോടതി ജാമ്യം അനുവദിക്കില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഷാരൂഖ് പതാന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.