ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ആം ആദ്‌മി പാർട്ടി നേതാവ് താഹിർ ഹുസൈനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്‌തു. കുഴൽപണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം തടയൽ നിയമം 2002 (പി.എം.എൽ.എ) പ്രകാരമാണ് ഏജൻസി ഹുസൈനെ അറസ്റ്റ് ചെയ്തത്. തെക്കൻ ഡൽഹിയിലെ ഖാൻ മാർക്കറ്റ് ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഡൽഹി കലാപത്തിനുള്ള ധനസഹായത്തെക്കുറിച്ചും ഹവാല ഓപ്പറേറ്റർമാരെ സംബന്ധിച്ചും ഹുസൈനെ ചോദ്യം ചെയ്‌തു. മൗലാന സാദുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ഉണ്ടാകുമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾക്കുള്ള ധനസഹായം നൽകി എന്നീ കുറ്റങ്ങൾക്കാണ് ഹുസൈനെ ഏജൻസി അറസ്റ്റ് ചെയ്‌തത്. ഡൽഹി ക്രൈംബ്രാഞ്ചും ദയാൽപൂർ പൊലീസ് സ്റ്റേഷനും രജിസ്റ്റർ ചെയ്‌ത ഒന്നിലധികം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിനിടെ ഹുസൈൻ്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ പണം കൈമാറിയതായി കണ്ടെത്തിയിരുന്നു. ജൂൺ 23ന് താഹിർ ഹുസൈൻ്റെ കുടുംബാംഗങ്ങളുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ വ്യാജ ഇൻവോയ്‌സുകൾ ഉൾപ്പെടെ പല തെളിവുകളും കണ്ടെത്തിയിരുന്നു.