ന്യൂഡൽഹി: തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഹെൽത്ത് സർവീസ് അഗ്രിഗേറ്റർമാർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി. കൊവിഡ് പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നതിൽ നിന്ന് നിയമവിരുദ്ധ ഓൺലൈൻ ആരോഗ്യ സേവന അഗ്രഗേറ്റർമാരെ നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിർദേശം. ഇത്തരക്കാർ നിയമവിരുദ്ധമായി കൊവിഡ് സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഡോക്‌ടർ രോഹിത് ജെയിനിന് വേണ്ടി അഭിഭാഷകൻ ശശാങ്ക് ദിയോ സുധി മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഇത്തരം സ്ഥാപനങ്ങൾ മെഡിക്കൽ ഡയഗ്നോസ്റ്റിക് ലബോറട്ടറികളാണെന്ന് തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. എല്ലാവരുടെയും വാദം കേട്ട ശേഷം കഴിയുന്നതും വേഗത്തിലും പ്രായോഗികമായും തീരുമാനമെടുക്കുമെന്ന് ബെഞ്ച് പറഞ്ഞു.