ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിൽ അറസ്റ്റിലായ ഷാർജിൽ ഇമാമിനെ ഡൽഹി കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലെ ജാമിയയിലെ സംഘർഷക്കേസിലെ കുറ്റപത്രത്തിൽ ഷാർജിൽ ഇമാമിനെതിരെ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ വിവാദ പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് പ്രേരണ കുറ്റം. തിങ്കാളാഴ്ച ഇമാമിനെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ജെഎൻയു ഗവേഷണ വിദ്യാർഥിയായ ഷർജീൽ ഇമാം ജനുവരി 28നാണ് ബിഹാറിൽ പൊലീസിൽ കീഴടങ്ങിയത്. 2019 ഡിസംബറിൽ 13നും ഷർജിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയിരുന്നു. ഡിസംബർ 15നാണ് ജാമിയ മിലിയ സംഘർഷം ഉണ്ടായത്. പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാവുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ 17പേരാണ് ഇതുവരെ അറസ്റ്റിലായത്.