ന്യൂഡൽഹി: ജാമ്യം അനുവദിച്ചപ്പോൾ ചുമത്തിയ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് തീസ് ഹസാരി കോടതി മാറ്റിവെച്ചു. നിവേദനത്തിൽ നൽകിയ ചന്ദ്രശേഖറിന്‍റെ ഡൽഹിയിലെ വിലാസം പരിശോധിക്കാൻ ഡൽഹി പൊലീസിന് അഡീഷണൽ സെഷൻസ് ജഡ്‌ജി നിർദേശം നൽകി. കേസിന്‍റെ അടുത്ത വാദം ജനുവരി 21ന് നടക്കും . നാല് ആഴ്‌ചത്തേക്ക് ആസാദിന്‍റെ ഡൽഹി സന്ദർശനം കോടതി വിലക്കിയിരുന്നു. അഭിഭാഷകരായ മെഹ്മൂദ് പ്രാചയും ഒ പി ഭാരതിയും സമർപ്പിച്ച ഹരജിയിൽ ആസാദ് കുറ്റവാളിയല്ലെന്നും അത്തരം വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യവിരുദ്ധവുമാണെന്നും പറയുന്നുണ്ട്.
ഭീം ആർമി മേധാവിയായ ചന്ദ്രശേഖർ ആസാദ് ഉത്തർപ്രദേശിൽ ഭീഷണി നേരിടുന്നതായി ആസാദിന്‍റെ അഭിഭാഷകൻ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 20 ന് പൊലീസ് അനുമതിയില്ലാതെ ജമാ മസ്‌ജിദിൽ നിന്ന് ജന്തർ മന്തറിലേക്ക് ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഈ കേസിലായിരുന്നു ആസാദിന്‍റെ അറസ്റ്റ്. കേസിൽ അറസ്റ്റിലായ മറ്റ് 15 പേർക്ക് ജനുവരി 9ന് കോടതി ജാമ്യം അനുവദിച്ചു.