ന്യൂഡൽഹി: സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിനെതിരായ ആരോപണങ്ങൾ കേൾക്കുന്ന സമിതിയിൽ പ്രതിനിധികൾ ഹാജരാകാത്തതിനെത്തുടർന്ന് ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നൽകാൻ ഡൽഹി നിയമസഭ സമിതി തീരുമാനിച്ചു. പ്രതിനിധികൾ ഹാജരാകാതിരുന്നത് നിയമസഭയെ അവഹേളിക്കുക മാത്രമല്ല, ഡൽഹിയിലെ രണ്ട് കോടി ജനങ്ങളെ അപമാനിക്കുക കൂടിയാണ് ചെയ്തതെന്ന് പീസ് ആന്‍റ് ഹാർമണി കമ്മിറ്റി ചെയർമാനും ആം ആദ്മി എംഎൽഎയുമായ രാഘവ് ചദ്ദ പറഞ്ഞു.
വിദ്വേഷകരമായ ഉള്ളടക്കം തടയാൻ ഫേസ്ബുക്ക് മനഃപൂർവ്വം ശ്രമിക്കാതിരിക്കുകയാണെന്ന ആരോപണത്തെ തുടർന്ന് ഫേസ്ബുക്ക് പ്രതിനിധികളോട് സെപ്റ്റംബർ 15ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമിതി കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന് നോട്ടീസ് നൽകിയിരുന്നു. സമിതിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം ഫേസ്ബുക്കിന് അന്തിമ നോട്ടീസ് നൽകാനാണ് തീരുമാനം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫേസ്ബുക്ക് വഹിക്കുന്ന പങ്കിനെ കുറിച്ച് വാൾസ്ട്രീറ്റ് ജേണലിൽ വന്ന ലേഖനത്തെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം, വിദ്വേഷ ഭാഷണവും അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വിലക്കുന്നുവെന്ന് കഴിഞ്ഞ മാസം ഫേസ്ബുക്ക് പറഞ്ഞിരുന്നു, രാഷ്ട്രീയ നയങ്ങൾ പരിഗണിക്കാതെ ആഗോളതലത്തിൽ ഈ നയങ്ങൾ നടപ്പിലാക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.