ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശുദ്ധവായുവിന്‍റെ ഗുണനിലവാരത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്ക് പ്രകാരം ആനന്ദ് വിഹാർ, പട്പർഗഞ്ച് പ്രദേശങ്ങളിൽ യഥാക്രമം 210, 214 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക (എക്യുഐ). ബവാന പ്രദേശത്തെവായു ഗുണനിലവാര സൂചിക മോശം ഗുണനിലവാരത്തിൽ 251 പോയിന്‍റിൽ എത്തി.
അടുത്ത മൂന്ന് ദിവസത്തേക്ക് വായു ഗുണനിലവാര സൂചിക വഷളാകുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 10 വരെ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തിൽ തുടരുമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) വ്യക്തമാക്കി.
1 മുതല്‍ 50 വരെയുള്ള സൂചികയിലുള്ള വായു ഗുണനിലവാരം മികച്ചതായാണ് പരിഗണിക്കുന്നത്. 51 മുതല്‍ 100 വരെയെങ്കില്‍ തൃപ്തികരമെന്നും 101 മുതല്‍ 200വരെ ഭേദമെന്നും 201 മുതല്‍ 300 വരെ മോശമെന്നും 301 മുതല്‍ 400 വരെ അതീവ മോശമെന്നും 401 മുതല്‍ 500 വരെ ഗുരുതരമെന്നുമാണ് കണക്കാക്കുന്നത്.
അതേസമയം, രാജ്യ തലസ്ഥാനത്തെ മലിനീകരണം കണക്കിലെടുത്ത് പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. നേതാജി മുനിസിപ്പൽ കൺസ്ട്രക്ഷൻ വർക്ക്സ്, എൻബിസിസി, സരോജിനി മുനിസിപ്പൽ കൺസ്‌ട്രക്ഷൻ വർക്കുകൾ, എൻസിസിസി, എഫ്‌സിസി ഓഡിറ്റോറിയം കൺസ്‌ട്രക്ഷൻ വർക്ക്, കസ്തൂർബ നഗറിലെ സിപിഡബ്ല്യുഡി, സിആർപിഎഫ് ഹെഡ് ക്വാർട്ടേഴ്സ്, സിജിഒ കോംപ്ലക്സ്, ത്യാഗ്രാജ് നഗർ, സിപിഡബ്ല്യുഡി എന്നിവയാണ് നിറുത്തിവെക്കാൻ ആവശ്യപ്പെട്ടത്.
പൊടി മൂലമുള്ള മലിനീകരണം കുറക്കുകയാണ് സർക്കാരിന്‍റെ ആദ്യ ലക്ഷ്യമെന്നും പുക കുഴലുകൾ ഉപയോഗിക്കുന്ന 39 ഓളം സൈറ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വിളവെടുപ്പിന് ശേഷം പാടത്തിന് തീയിടുന്നത് മൂലം ശക്തമായി കാറ്റില്‍ അവിടങ്ങളില്‍ നിന്നും പുകയും പൊടിയും ഡല്‍ഹിയിൽ എത്തി രാജ്യ തലസ്ഥാനത്തെ വായു മലിനമാകാറുണ്ട്.