ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒറ്റ-ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ഡൽഹി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുന്നുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പദ്ധതിയുടെ ആദ്യ ദിവസം 233 പേർക്ക് നോട്ടീസ് നൽകിയെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. രണ്ടാം ദിവസം 192 നോട്ടീസ് മാത്രമേ നൽകിയുള്ളൂ. ഇതിൽ 170 നോട്ടീസ് നൽകിയത് ട്രാഫിക് പൊലീസും 15 എണ്ണം ഗതാഗത വകുപ്പും ഏഴ് എസ്‌ഡിഎമ്മുകളുമാണ്. പ്രതിദിനം 30 ലക്ഷം വാഹനങ്ങൾ ഓടുന്ന നഗരത്തിൽ, 15 ലക്ഷത്തോളം വാഹനങ്ങൾ മാത്രമാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി നിരത്തിൽ ഇറങ്ങിയത്. ഞായറാഴ്ച മുതൽ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്നും മനീഷ് സിസോദിയ അറിയിച്ചു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെയാണ് ഡൽഹിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ നിരത്തിൽ പ്രവേശിക്കാവൂവെന്ന നിയന്ത്രണം വന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. ഇരുചക്രവാഹനങ്ങൾക്കും എമർജൻസി വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. ഡൽഹിയിൽ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.