ബീഹാർ: ബീഹാറിലെയും അസമിലെയും വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 197 ആയി വർധിച്ചു. പ്രളയം രണ്ട് സംസ്ഥാനങ്ങളിലെ 1.24 കോടി ജനങ്ങളെ ബാധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി ബീഹാറിൽ മഴ വീണ്ടും വർദ്ധിച്ചിട്ടുണ്ടെന്നും സ്ഥിതി കൂടുതൽ വഷളാവുന്നുവെന്നും അധികൃതർ അറിയിച്ചു. ഇന്നലെ ബീഹാറില്‍ 17 പേർ മരിച്ച സാഹചര്യത്തിൽ മരണസംഖ്യ 123 ആയി ഉയർന്നിരുന്നു. അസമിലെ പ്രളയത്തിൽ ആറ് പേർ കൂടി മരിച്ച് മരണ സംഖ്യ 74 ആയും ഉയർന്നു.
ബീഹാറിലെ സീതാമർഹി ജില്ലയിൽ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ മരണസംഖ്യ 27 ൽ നിന്ന് 37 ആയി ഉയർന്നുവെന്ന് ബീഹാറിലെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 12 ജില്ലകളിലെ 105 ബ്ലോക്കുകളിലായി 81.57 ലക്ഷം ദുരിതബാധിതരുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
അസമിലെ ആറ് മരണങ്ങൾ നാൽബാരി, ബാർപേട്ട, ദുബ്രി, ഗോലഘട്ട്, മോറിഗാവ് എന്നിവിടങ്ങളിലുള്ളവയാണ്. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് സംസ്ഥാനത്തെ 33 ജില്ലകളിൽ 20 ജില്ലകൾ വെള്ളത്തിൽ മുങ്ങി. 38.82 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായും കണക്കുകൾ.