ന്യൂഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളുടെ (എസ്‌ഒപി) വിശദാംശങ്ങൾ തേടി ഡല്‍ഹി കമ്മിഷൻ ഫോർ വിമൻ (ഡിസിഡബ്ല്യു). പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ടിക്ക് ടോക്ക് എന്നിവക്കാണ് ഡിസിഡബ്ല്യു നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപകരവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അധിക്ഷേപകരമായ പോസ്റ്റുകൾ/ ഉള്ളടക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നത് തടയുന്നതിനായുള്ള പ്രോട്ടോക്കോളുകളുടെ വിശദാംശങ്ങൾ ഡിസിഡബ്ല്യു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരം ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരെയുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ നടക്കുന്നുണ്ട്. അത്തരം സാമൂഹ്യ മാധ്യമങ്ങൾ നിരോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ അവ നിരോധിക്കുന്നത് ശാശ്വതമായ പരിഹാരം ഉണ്ടാക്കില്ലെന്ന് ഡിസിഡബ്ല്യു ചൂണ്ടിക്കാട്ടി. അത്തരം ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം. അത്തരക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ ഉടനടി ഇല്ലാതാക്കണമെന്നും അതിനായി നിയമങ്ങൾ കര്‍ശനമാക്കേണ്ടതുണ്ടെന്നും ഡിസിഡബ്ല്യു അംഗം അഭിപ്രായപ്പെട്ടു.
പ്രകോപനപരമായ ഉള്ളടക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കംചെയ്യാൻ എടുക്കുന്ന സമയത്തെക്കുറിച്ചും വിവരം പൊലീസിന് റിപ്പോർട്ട് ചെയ്യുന്ന പ്രക്രിയകളുടെ വിശദാംശങ്ങളെക്കുറിച്ചും അറിയിക്കാൻ ഡിസിഡബ്ല്യു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. മെയ് 25നകം ഡിസിഡബ്ല്യുവിന്‍റെ കത്തിന് മറുപടി നല്‍കണം. അല്ലാത്തപക്ഷം പ്രമുഖ സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കും.