ന്യൂഡൽഹി: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി അൻവർ താക്കൂർ അറസ്റ്റിലായി. കൊലപാതകക്കേസിൽ ജീവപര്യന്തം തടവുകാരനായിരിക്കെ പരോളിൽ പുറത്തിറങ്ങിയ ഇയാളെ ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നിന്നും ഈ മാസം പത്തിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ കയ്യിൽ നിന്നും ബ്രസീലിയൻ നിർമിത തോക്കും 22 ലക്ഷം രൂപയും കണ്ടെത്തി.
മീററ്റ് സ്വദേശിയായ ഇയാൾ പാണ്ഡവ് നഗറിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ സർദാർ ബസാർ പൊലീസ് സ്റ്റേഷിലെ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. ഈ വർഷം മാർച്ച് 17ന് പരോളിൽ ഇറങ്ങിയ അൻവർ ഡൽഹിയിലെ ഗുണ്ടാസംഘങ്ങൾക്ക് വീണ്ടും നേതൃത്വം കൊടുക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് പിടിയിലായത്. ഫൈസൽ ഉർ റഹ്‌മാൻ, ബാബ്ലൂ ശ്രീവാസ്‌തവ് തുടങ്ങിയ മാഫിയകളുമായും അൻവറിന് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.