സ്വപ്‌നങ്ങളെ തേടി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയായിരുന്നു അവൾ. ഇടിക്കൂട്ടിലെ പ്രതിയോഗിയെ എന്നപോലെ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അവൾ ഇടിച്ചുതെറിപ്പിച്ചു. ലോകത്തെ എല്ലാ ബോക്‌സിങ് വേദികളിലും ഇന്ത്യന്‍ പതാകയെ അവൾ ഉയരങ്ങളിലെത്തിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മണ്ണില്‍ നിന്നും കായികപ്രേമികളുടെ ഹൃദയങ്ങളിലേക്ക് 'ഇടിച്ചു' കയറിയ മേരി കോമിന്‍റെ അവിശ്വസനീയമായ ജീവിതയാത്രയിലൂടെ വനിതാ ദിനത്തോടനുബന്ധിച്ച് തിരിഞ്ഞുനോട്ടം...
ചേറില്‍ നിന്നും റിങ്ങിലേക്ക്
1983 മാര്‍ച്ച് ഒന്നിന് മണിപ്പൂരിലെ ചുരാചന്ദ്‌പൂരിലെ കര്‍ഷക കുടുംബത്തിലായിരുന്നു മേരിയുടെ ജനനം. അച്ഛനും അമ്മയും കൃഷിപ്പണിക്കായി പാടത്തേക്കിറങ്ങുമ്പോൾ മേരിയും കൂടെപോവാറുണ്ടായിരുന്നു. പാടത്തെ ചേറില്‍ കളിച്ചുവളര്‍ന്നത് കൊണ്ടായിരിക്കണം ബോക്‌സിങ് റിങ്ങിലെ പ്രതിബന്ധങ്ങൾ മേരിയെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല. 1998ല്‍ ബാങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ ബോക്‌സിങ് ജേതാവ് ഡിങ്കോ സിങ്ങായിരുന്നു മേരിയുടെ ചെറുപ്പകാലത്തെ ആരാധനാപാത്രം. ഡിങ്കോയെ സ്വപ്‌നം കണ്ട് വളര്‍ന്ന അവൾക്ക് കായികമേഖലയോടായിരുന്നു എപ്പോഴും താല്‍പര്യം. പഠനത്തില്‍ പിന്നിലായിരുന്നെങ്കിലും കായികരംഗത്ത് അവളായിരുന്നു എന്നും മുന്നില്‍. പെണ്‍കുട്ടികളെ ബോക്‌സിങ് റിങ്ങുകളില്‍ കാണുമ്പോൾ അവളും സന്തോഷിച്ചു. തനിക്കും ഇതുപോലെ സാധിക്കുമെന്ന് അവൾ വിശ്വസിച്ചു. പക്ഷേ, തുടക്കത്തില്‍ വീട്ടുകാര്‍ ഒരിക്കലും മേരിയുടെ സ്വപ്‌നങ്ങൾക്ക് അനുകൂലമായിരുന്നില്ല. ഒരു ഭാഗത്ത് വീട്ടുകാരുടെ ശക്തമായ എതിര്‍പ്പും മറുഭാഗത്ത് സാമ്പത്തികപ്രയാസങ്ങളും... സ്വപ്‌നങ്ങൾക്ക് പിറകേ പോകുന്ന ഒരു 15 വയസുകാരിയുടെ മനസ് മടുക്കാന്‍ ഇവയൊക്കെ ധാരാളമായിരുന്നു. പക്ഷേ, സ്വപ്‌നങ്ങളിലേക്കുള്ള യാത്ര മുടക്കാന്‍ അവൾ തയ്യാറായിരുന്നില്ല. ഇടിക്കൂട്ടിലേക്കുള്ള യാത്ര അവൾ തുടരുക തന്നെ ചെയ്‌തു. പതിയെ മേരിയുടെ സ്വപ്‌നങ്ങളെ വീട്ടുകാരും അംഗീകരിക്കാന്‍ തുടങ്ങി. 2001ല്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡലോടെയായിരുന്നു അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മേരി തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചത്.
അമ്മ സൂപ്പറാണ്...
2005ല്‍ ഫുട്‌ബോൾ താരമായ ഓങ്കോലര്‍ കോമുമായുള്ള മേരി കോമിന്‍റെ വിവാഹത്തെ ഏറ്റവും കൂടുതല്‍ ഭയന്നത് മേരിയുടെ പരിശീലകരായിരുന്നു. വിവാഹത്തോടെ മേരി ബോക്‌സിങ് ജീവിതം ഉപേക്ഷിക്കുമോയെന്ന് അവര്‍ ഭയന്നു. പക്ഷേ, ബോക്‌സിങ് രംഗത്തേക്ക് തിരിച്ചുവരാന്‍ അവളെ അങ്ങേയറ്റം പിന്തുണച്ചത് ഓങ്കോലറായിരുന്നു. ഇരട്ടക്കുട്ടികളുടെ ജനനത്തെ തുടര്‍ന്നുള്ള ഇടവേളക്ക് ശേഷം മേരിയെ റിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഓങ്കോലര്‍ തന്നെ മുന്‍കൈയെടുത്തു. കുട്ടികളുടെ ചുമതലയും വീട്ടുകാര്യങ്ങളും സ്വയം ഏറ്റെടുത്ത്, മേരിയെ അദ്ദേഹം സന്തോഷപൂര്‍വം ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തിച്ചു.
മുമ്പത്തേക്കാളും ശക്തയായിട്ടായിരുന്നു മേരിയുടെ പിന്നീടുള്ള രംഗപ്രവേശം. മടങ്ങിയെത്തിയ മേരി ലോക ചാമ്പ്യൻഷിപ്പില്‍ തന്‍റെ നാലാമത്തെ സ്വർണമെഡൽ നേടി. ആറ് സ്വര്‍ണമെഡലുകൾ അടക്കം ലോക ചാമ്പ്യൻഷിപ്പിലെ എട്ട് മെഡലുകൾ മേരിക്ക് സമ്മാനിച്ചത് പുതിയൊരു തൂവല്‍തിളക്കമായിരുന്നു. അമ്മയായ ശേഷവും തുടര്‍ന്ന അസാമാന്യ കഴിവ് 'സൂപ്പര്‍ മോം' എന്ന പേര് മേരിക്ക് ചാര്‍ത്തികൊടുത്തു.
പിന്തുടരുന്ന കീര്‍ത്തിമുദ്രകൾ
ലോക ചാമ്പ്യൻഷിപ്പിലെ എട്ട് മെഡലുകൾക്ക് പുറമെ നിരവധി മെഡലുകൾ മേരി കോമിനെ തേടിയെത്തി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി മികവ് തെളിയിച്ചു. 2012ല്‍ നടന്ന ഒളിമ്പിക്‌സിലെ വെങ്കലനേട്ടത്തിലൂടെ ബോക്‌സിങ്ങില്‍ ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ വനിതാ ബോക്‌സറെന്ന പദവി കൂടി മേരിക്ക് ലഭിച്ചു. അർജുന, രാജീവ് ഗാന്ധി ഖേൽ രത്‌ന, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്‌കാരങ്ങളിലൂടെ രാജ്യം മേരിയുടെ കഴിവുകളെ ആദരിച്ചു. കായികരംഗത്ത് പത്മവിഭൂഷണ്‍ ലഭിച്ച ആദ്യ വനിതാ താരം കൂടിയായിരുന്നു മേരി കോം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രചോദനമായി മേരി കോം ഇന്നും തന്‍റെ ഇടിക്കൂട്ടിലെ യാത്ര തുടരുന്നു.