കൊൽക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റിനെ തുടർന്നുള്ള വെസ്റ്റ് ബംഗാളിൽ മരണസംഖ്യ 77 ആയി. ജനങ്ങളുടെ ജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരാനുള്ള തിരക്കിലാണ് അധികൃതർ. വെസ്റ്റ് ബംഗാളിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും കൊൽക്കത്ത അടക്കമുള്ള പകുതിയിലധികം ജില്ലകളിൽ ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതർ ആയെന്നും അധികൃതർ പറഞ്ഞു. ചുഴലിക്കാറ്റ് കൂടുതൽ ബാധിച്ച നോർത്ത് സൗത്ത് പർഗാനാസ് പ്രദേശങ്ങളിൽ വൈദ്യുതി, മൊബൈൽ സർവീസുകൾ പുനസ്ഥാപിച്ചെന്നും അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തോട് സംസ്ഥാനത്തിനായി സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുമെന്നും ടിഎംസി വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്രസർക്കാർ രാഷ്ട്രീയം മാറ്റി നിർത്തി സംസ്ഥാനത്തിന്‍റെ പുനർനിർമാണത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ടിഎംസിയിലെ മുതിർന്ന നേതാവ് പറഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും ദുരിതബാധിത പ്രദേശങ്ങളുടെ പ്രാഥമിക പുനരുദ്ധാരണത്തിനായി 1,000 കോടി രൂപയുടെ കോർപ്പസ് ഫണ്ടും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻഡിആർഎഫിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് നേതൃത്വം നൽകുന്നത്.