മുംബൈ:അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ മത്സ്യ ബന്ധനത്തിന് കടലിൽ പോയ 19 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 2100 മത്സ്യബന്ധന ബോട്ടുകളും സുരക്ഷിതമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെസ്റ്റ് കോസ്റ്റ് തീരത്ത് എത്തിച്ചു. മുബൈയിൽ നിന്ന് തിരിച്ച വൈഷ്‌ണോ ദേവി മാതാ ബോട്ടിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെ ഐഎൻഎസ് ടെഗ് രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ അറിയിച്ചു.
മത്സ്യബന്ധന ബോട്ടിന് എൻജിൻ തകരാർ ഉണ്ടായതിനെ തുടർന്ന് ബോട്ടിൽ വെള്ളം കയറുകയായിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ക്യാർ കടുത്ത ചുഴലിക്കാറ്റായി മാറുമെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.