ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (ഡിഡിഎംഎ) ചൊവ്വാഴ്ച അടിയന്തര യോഗം ചേരും. ഡൽഹിയിൽ സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടെങ്കിൽ ആ സാഹചര്യത്തെ നേരിടാൻ ആം ആദ്മി സർക്കാർ തന്ത്രം മാറ്റേണ്ടതുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. ഡിഡിഎംഎയുടെ വൈസ് ചെയർമാനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രതിനിധീകരിച്ചു സിസോഡിയ യോഗത്തിൽ പങ്കെടുക്കും.
തൊണ്ടവേദനയും പനിയും ഉണ്ടായതിനെത്തുടർന്ന് കെജ്‌രിവാൾ സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തനിക്ക് യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയെന്നും സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കിൽ കൊവിഡ് 19 നെ നേരിടുന്നതിനുള്ള അടുത്ത നീക്കങ്ങൾ നിർണായകമാണെന്നും സിസോഡിയ പറഞ്ഞു. ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം 28,936 ആയി ഉയർന്നിട്ടുണ്ട്. പുതുതായി 1,282 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 812 ആയി ഉയർന്നു. നിലവിൽ ഡൽഹിയിൽ 17,125 ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം ഇതുവരെ 10,999 രോഗമുക്തി നേടി.