ഈ മാസം ഇരുപത്തിനാലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) തസ്തികയെ ജാഗ്രതയോടെ സ്വാഗതം ചെയ്യേണ്ടതുണ്ട്. 2001 വരെ സജീവമായി നിന്ന ആശയം മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ഈ തസ്തിക എത്രത്തോളം ശക്തമാകുമെന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഇതിനുള്ള സ്ഥാനം എങ്ങനെയാകും എന്നതുമാണ്. രാജ്യത്തെ മൂന്ന് സേനകളുടെ ഏകോപനവും സൈനിക വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്നതും സിഡിഎസിന്‍റെ പ്രധാന ചുമതലകളാണ്. പഞ്ച നക്ഷത്ര പദവിയോടെ നിലവിലെ സൈനിക നേതൃത്വത്തിന് മുകളിലായി ഒരു സൂപ്പര്‍ ചീഫായാണ് സിഡിഎസ് പദവിയെ പ്രതീക്ഷിക്കപ്പെട്ടത്. ഇതിനായി മറ്റു ജനാധിപത്യ രാജ്യങ്ങളിലെ മാതൃകകള്‍ പോലും താരതമ്യം ചെയ്തു.
അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ മോദി സര്‍ക്കാരിന്‍റെ ദേശീയ സുരക്ഷാ നയത്തെ അടിസ്ഥാനമാക്കി ഒരു ഇന്ത്യന്‍ മാതൃകയാണ് രൂപംകൊണ്ടത്. മൂന്ന് സൈനിക വിഭാഗങ്ങളുടേയും വിഷയങ്ങളില്‍ പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിക്കും. എന്നാല്‍ മൂന്ന് മേധാവികളും അതത് വിഷയങ്ങളില്‍ പ്രതിരോധമന്ത്രിക്ക് ഉപദേശം നല്‍കുന്നത് തുടരും. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നിഷ്‌പക്ഷമായ ഉപദേശം നല്‍കാനാനും സിഡിഎസിന് കഴിയും. എന്നാല്‍ സൈനിക നീക്കങ്ങള്‍ അടക്കമുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ സിഡിഎസിന് അധികാരമില്ല. ചുരുക്കത്തില്‍ പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേശകന്‍റെ ചുമതലയാണ് സിഡിഎസ് വഹിക്കേണ്ടത്. അതോടൊപ്പം ചീഫ് ഓഫ് സ്റ്റാഫ് കമ്മറ്റിയുടെ സ്ഥിരം ചെയര്‍മാനായും സൈനികകാര്യ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിക്കണം. സൈനിക മേധാവികളുടെ തുല്യ ശമ്പളം സിഡിഎസിന് ഉണ്ടാകും. എന്നാല്‍ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാനത്തില്‍ മറ്റു മേധാവികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. സംയുക്ത ആസൂത്രണത്തിലൂടെയും ആവശ്യകതകളുടെ സംയോജനത്തിലൂടെയും സൈനിക വിഭാഗങ്ങളിലെ ജീവനക്കാരേയും പരിശീലനത്തേയും പ്രോത്സാഹിപ്പിക്കുക, സൈനിക കമാന്‍ഡുകളുടെ പുനര്‍വിന്യാസവും സേനാ വിന്യാസങ്ങളുടെ ഏകീകരണവും വഴി വിഭവ വിനിയോഗം കാര്യക്ഷമമാക്കുക, തദ്ദേശീയ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവാണ് സിഡിഎസ് നിര്‍വഹിക്കേണ്ട മറ്റ് ചുമതലകള്‍.
സിഡിഎസിന്‍റെ നേതൃത്വത്തിലുള്ള സൈനികകാര്യ വകുപ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സിവില്‍-സൈനിക ബന്ധത്തിലെ നിര്‍ണായകമായ ആദ്യപടിയാണ്. ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ ഈ പദവി ശാക്തീകരിക്കപ്പെട്ടാല്‍ ഇതാദ്യമായാണ് ഔദ്യോഗികമായി സൈന്യത്തെ ഭരണകൂടത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ പ്രതിരോധത്തിന്‍റെ ചുമതല മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പ്രതിരോധ സെക്രട്ടറിക്കാണ്. സിഡിഎസിന്‍റെ പദവി എങ്ങനെയാണ് ഭരണത്തിന്‍റെ തട്ടകത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രതിരോധ സെക്രട്ടറിയുടെ പദവിയുടെ അതേ രീതിയിലോ എക്സ്-ഒഫീഷ്യോ പദവിയിലോ എന്നതാണ് പ്രധാന ചോദ്യം. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ശുപാര്‍ശ ചെയ്യപ്പെട്ട സൈനിക വിഭാഗങ്ങളുടെ പുനര്‍വിന്യാസവും സംയുക്ത തിയറ്റര്‍ കമാന്‍ഡുകളും മോദി സര്‍ക്കാരിന്‍റെ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ചവയാണ്. ഈ ലക്ഷ്യത്തിലെത്താന്‍ വര്‍ഷങ്ങളോളം നീണ്ട ശ്രമം ആവശ്യമാണ്.
സിഡിഎസിന്‍റെ ഫലപ്രാപ്‌തി നിര്‍ണയിക്കുന്ന മറ്റൊരു ഘടകം മാനുഷികവും സാമ്പത്തികവുമായ വിഭവങ്ങളുടെ വിഹിതമാണ്. നിലവിലെ പ്രതിരോധ ബജറ്റിന് സൈബര്‍ സ്പേസ് സ്പെക്ട്രം ഡൊമെയ്‌നുകളിലേത് പോലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കൊണ്ട് വരാനുള്ള വ്യവസ്ഥകളില്ല. നിലവിലെ വാര്‍ഷിക രീതിയിലും 15 വര്‍ഷത്തെ പദ്ധതികള്‍ മുന്‍കൂട്ടി കണ്ടും നിലവിലെ വിഹിതം വര്‍ധിപ്പിക്കാന്‍ സിഡിഎസിന് കഴിയുമോ എന്നതും കാത്തിരുന്ന് കാണാം. അനുഭവ സമ്പത്ത് ഉണ്ടെങ്കിലും ഇന്ത്യയുടെ പ്രതിരോധ വകുപ്പില്‍ ദീര്‍ഘകാലങ്ങളായി അവഗണിക്കപ്പെട്ട പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നത് സിഡിഎസിന് എളുപ്പമാകില്ല. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും സൈന്യവും ഉള്‍പ്പെടുന്നവര്‍ സിഡിഎസ് പദവിയേയും സൈനികകാര്യവകുപ്പിനേയും എങ്ങനെ പരിപോഷിപ്പിക്കുമെന്നത് വരും ദശകങ്ങളിലെ ഇന്ത്യയുടെ സംയുക്ത സൈനിക ശേഷിയേയും സൂചികയേയും രൂപപ്പെടുത്തും. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങള്‍ നരേന്ദ്ര മോദിക്ക് പ്രതിരോധ രംഗത്ത് അനുകരിക്കാന്‍ കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.